ട്രെയിനുകൾക്ക് നേരേയുള്ള കല്ലേറ് വ്യാപകമായതിനെ തുടർന്ന് സ്ഥിരയാത്രക്കാരുടെയും റെയിൽവേ സുരക്ഷാസേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കരുതൽ നടപടികൾ സ്വീകരിച്ചു. ഓരോ നൂറുമീറ്റർ അകലത്തിലും ട്രാക്കിനു സമീപം കൃത്യമായി ദൂരം അടയാളപ്പെടുത്തിയ കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കൃത്യമായി സ്ഥലം കണ്ടെത്താൻ പോലീസിനെ സഹായിക്കും. അതുകൊണ്ട് യാത്രയിൽ സംശയാസ്പദമായത് എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കുറ്റിയിൽ അടയാളപ്പെടുത്തിയ പ്രസ്തുത നമ്പറുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാസേനയ്ക്ക് കൈമാറണമെന്നുമാണ് യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. റെയിൽവേ ട്രാക്കിന് സമീപം സാമൂഹ്യ വിരുദ്ധ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ സൈൻ ബോർഡുകൾ, ട്രാക്കിന് സമീപമുള്ള പോസ്റ്റുകളിലെ നമ്പറുകൾ പോലീസിന് കൈമാറാൻ യാത്രക്കാർക്ക് നിർദേശം നൽകി. കല്ലേറ് ഉണ്ടാകുമ്പോൾ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ വരുന്നതാണ് പലപ്പോഴും പ്രതികളെ കണ്ടെത്താൻ കാലതാമസം നേരിടുന്നത്.
കുട്ടികൾ ട്രാക്കിൽ മെറ്റൽ കഷണങ്ങളും മറ്റും വയ്ക്കുന്നതായി പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുമൂലം ഉണ്ടാകുന്ന ഗൗരവകരമായ അനന്തരഫലങ്ങളെക്കുറിച്ച് വീടുകളിലും സ്കൂളുകളിലും ബോധവത്കരണം നടത്തണമെന്നും റെയിൽവേ പോലീസ് അഭ്യർഥിച്ചു. റെയിൽവേ ഭൂമിയിൽ അതിക്രമിച്ച് കടക്കുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും ട്രാക്കിലും പരിസരത്തും ലഹരിപദാർഥങ്ങളുടെ ഉപയോഗവും, രാജ്യദ്രോഹകുറ്റമായാണ് കണക്കാക്കുന്നത്. യാത്രക്കാരുടെ പരിപൂർണ പിന്തുണ ആർപിഎഫ് തേടിയിട്ടുണ്ട്. ജാഗ്രത പുലർത്തുന്നതിനോടൊപ്പം സാമൂഹ്യ വിരുദ്ധശല്യം പൂർണമായും ഒഴിവാക്കുന്നതിന് ആർ പിഎഫ് ഹെല്പ് ലൈൻ നമ്പറിൽ (9846 200 100) വിവരങ്ങൾ കൈമാറണമെന്നും യാത്രക്കാരോട് റെയിൽവേ അഭ്യർഥിച്ചു.