ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ഐപാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) മേധാവി പ്രതീക് ജെയിനിനെതിരായ ഇഡി റെയ്‌ഡിനെ ചൊല്ലി രാഷ്ട്രീയ വിവാദം. റെയ്ഡ് തൃണമൂലിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണെന്നും രാഷ്‌ട്രീയ പകപോക്കലാക്കോടെയെന്നും മുഖ്യമന്ത്രി മമതാ ബാനർജി. എന്നാൽ മമത പൊലീസിൻ്റെ സഹായത്തോടെ പ്രകോപനമുണ്ടാക്കിയെന്ന് ഇ ഡി ആരോപണം.
ഇന്നലെ രാവിലെ 7 മുതൽ അർദ്ധസൈനിക സേനകളുടെ സാന്നിദ്ധ്യത്തിൽ ഇ ഡി ഉദ്യോഗസ്ഥർ കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഐപാക് മേധാവിയുടെ വസതിയിലും ഓഫിസിലും റെയ്‌ഡ് നടത്തിയത്. കളക്കടത്തുമായി ബന്ധമുള്ള ഹവാല ഇടപാടുകാരൻ കോടിക്കണക്കിന് രൂപ നൽകിയെന്നാണ് ആരോപണം.
മദ്ധ്യ കൊൽക്കത്തയിലെ സാൾട്ടേക്കിലുള്ള ഈ ഓഫിസിലാണ് തൃണമൂൽ കോൺഗ്രസിൻ്റെ ഐ.ടി, മീഡിയ സെല്ലും പ്രവർത്തിക്കുന്നത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസാണിത്. കേസിലെ നിരവധി ഇടപാടുകളുമായി ബന്ധപ്പെട്ട് ഐപാകിൻ്റെ പേര് ഉയർന്നുവെന്നാണ് ആരോപണം.