മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ കുടുംബത്തിലെ നാലുപേർ മദീനക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശിക്കാൻ പോയതായിരുന്നു കുടുംബം. സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു.
കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിംഗ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.
മദീന കെഎംസിസി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.