മാധ്യമപ്രവർത്തകനെതിരായ തീവ്രവാദി പരാമർശത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി ഷിജു ഖാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകനെ തീവ്രവാദി എന്നു വിളിച്ച വെള്ളാപ്പള്ളി നടേശന്‍റെ നിലപാട് തള്ളിക്കളയുന്നതായും പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും ഷിജു ഖാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തീവ്രവാദി പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് എസ്. സുനന്ദ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശൻ നിരന്തരം വർഗീയ പരാമർശം നടത്തുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പേര് നോക്കി മതം കണ്ടെത്തി വെള്ളാപ്പള്ളി വർഗീയ വിദ്വേഷം നടത്തുന്നുവെന്നും ചേരിതിരിവിനും കലാപാഹ്വാനത്തിനുമാണ് ശ്രമിച്ചതെന്നും വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമവും ഉണ്ടായെന്നും പരാതിയിലുണ്ട്. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല പ്രസിഡണ്ട് ഹാരിസ് മുതൂർ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം ശിവഗിരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതി​നിടെ തന്നോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ തീവ്രവാദി പരാമർശം നടത്തിയത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‍ലിംകളുടെ വലിയ വക്താവാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

Related Posts