ക്രിസ്മസ് – പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു മദ്യപിച്ചു വാഹനം ഓടിക്കുന്ന വരെ പിടികൂടാൻ പൊലീസ് പ്രത്യേക പരിശോധന തുടങ്ങി. ഉത്സവ സീസണിൽ അകടങ്ങൾ കുറയ്ക്കാൻ സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് അഭയ് മനോഹർ സാപ്റെയുടെ നിർദേശത്തെ തുടർന്നാണു പൊലീസ് പരിശോധന ആരംഭിച്ചത്.
ആദ്യദിനത്തിൽ ബാംഗ്ളൂരിൻ്റെ വിവിധ ഭാഗങ്ങളിലായി 24,786 വാഹനങ്ങൾ പരിശോധിച്ചതിൽ 349 ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തു. പബ്ബുകളിലും മറ്റും പോയി ആഘോഷിച്ചു തിരിച്ചുപോകുന്നവരാണ് ഇത്തരത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും. ഡിസംബർ വരെ പരിശോധന തുടരും. വൈകിട്ട് 7നു ശേഷമാണു പ്രധാനമായും പരിശോധന. ഇരുചക വാഹന യാത്രക്കാരെയാണു പ്രധാനമായും പരിശോധിക്കുന്നത്.
ക്രിസ്മസ് – പുതുവത്സര സീസണിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നത് പതിവാണ്. മദ്യലഹരിയിൽ അമിതവേഗത്തിൽ പോയി മറ്റു വാഹനങ്ങളിലിടിക്കുന്നതും പതിവ് കാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ചേർന്ന സംസ്ഥാന റോഡ് സുരക്ഷാ യോഗത്തിൽ മദ്യപിച്ചു വാഹനമോടിക്കുന്നത് തടയാൻ കർശന നടപടി വേണമെന്ന് പൊതുവെ അഭിപ്രായമുയർന്നിരുന്നു. അമിത വേഗത്തിൽ പോകുന്നവരെയും ഹെൽമറ്റ് ധരിക്കാത്തവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും അഭ്യാസ പ്രകടനം നടത്തുന്നവരെയും പിടികൂടും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാലും ബൈക്കിൽ 3 പേർ യാത്ര ചെയ്താലും നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.