മക്കളെ അമ്മയ്ക്കൊപ്പം വിടാൻ കോടതി വിധി വന്നതോടെ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്തു. പയ്യന്നൂർ രാമന്തളിയിൽ തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. മരിച്ചത് കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയാണെന്ന് സൂചന. രാമന്തളി വടക്കുമ്പാട് കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ കലാധരന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിൽ ആയിരുന്നു. വിളിച്ചിട്ട് ആരു പ്രതികരിക്കാതെ വന്നതിന് പിന്നാലെ നോക്കുമ്പോഴാണ് വീടിനു മുന്നിൽ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണൻ കണ്ടത്. പിന്നാലെ ഉണ്ണികൃഷ്ണൻ കത്തുമായി പോലീസ് സ്റ്റേഷനിൽ പോവുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ കലാധരനെയും ഉഷയെയും തൂങ്ങിമരിച്ച നിലയിലും മക്കൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടത്. കുടുംബ കോടതിയിൽ കലാധരനും ഭാര്യ നയൻതാരയും തമ്മിലുള്ള കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു കുട്ടികളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി വന്നത്. പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് ഫോൺ വിളിച്ചിരുന്നെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.