സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ജനുവരി 1 വരെയാണ് ഫെയറുകള്‍. 25 രൂപയ്ക്ക് 20 കിലോഗ്രാം അരി ഫെയറുകളില്‍ ലഭ്യമാകും. സബ്സിഡി ഇതര സാധനങ്ങള്‍ 500 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് 1 രൂപയ്ക്ക് നല്‍കും. ഇന്നു മുതല്‍ 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ലഭ്യമാണ്.
ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 50% വരെ വിലക്കുറവും പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉത്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും നൽകും. 1000 രൂപയ്ക്ക് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ കൂപ്പൺ വഴി 50 രൂപ ഡിസ്കൗണ്ട്. കൂടാതെ സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും കൂപ്പണുകൾ ലഭ്യമാകും.
6 ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ. തൃശൂർ തേക്കിൻകാട് മൈതാനം, എറണാകുളം മറൈൻഡ്രൈവ്, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കൊല്ലം ആശ്രാമം മൈതാനം, തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, തുടങ്ങിയ സ്ഥലങ്ങളിലാണ് ഫെയറുകൾ.