പിഎം ഇ-ഡ്രൈവ് ഇ-ഡ്രൈവ് പദ്ധതി പ്രകാരം ബെംഗളൂരുവിന് 4500 ഇ-ബസുകള്‍ കൂടി ലഭ്യമാക്കുമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് (ബി എം ടി സി) 4500 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ കേന്ദ്ര ഘന വ്യവസായ മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മയാണ് ബെംഗളൂരു നഗരത്തിലെ പൊതുഗതാഗതത്തിന് മുതല്‍ക്കൂട്ടാവുന്ന പ്രഖ്യാപനം നടത്തിയത്. വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതി പ്രകാരമാണ് ബസുകള്‍ അനുവദിച്ചിരിക്കുന്നത്.

ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. ഡല്‍ഹി, ഹൈദരാബാദ്, സൂറത്ത്, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ക്ക് ആകെ 10,900 ബസുകളാണ് അനുവദിച്ചിരിക്കുന്നത്. എണ്ണം നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബസുകള്‍ ലഭിച്ചത് ബെംഗളുരുവിനാണ്. പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിനെ പരിഗണിക്കാതിരുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

നഗരത്തിലെ ബസുകളുടെ എണ്ണം അടുത്ത മൂന്നു വര്‍ഷത്തിനകം ഒരു ലക്ഷമായി ഉയര്‍ത്താനാണ് ബിഎംടിസി ഉദ്ദേശിക്കുന്നത്. ഇ-ബസുകള്‍ക്ക് ഡീസല്‍ ബസുകളെ അപേക്ഷിച്ച് പ്രവര്‍ത്തന ചെലവ് കുറവാണ്. ബെംഗളൂരുവിലെ നാലു പ്രധാന ഇടനാഴികളിലായി 236 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ബെംഗളൂരു-മൈസുരൂ എക്‌സ്പ്രസ് വേയില്‍ 33 എണ്ണം, ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയില്‍ 30 എണ്ണം ബെംഗളൂരു-പൂനെ ഹൈവേയില്‍ 109 എണ്ണം, ബെംഗളൂരു-ഹൈദരാബാദ് ഹൈവേയില്‍ 64 എണ്ണം, എന്നിങ്ങനെയാണ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്.

Related Posts