ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും അതുപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ആവർത്തിച്ച് സുപ്രീം കോടതി. രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നല്‍കാനാകുമെന്ന് ചോദിച്ചു. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ എല്ലാവർക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് ആധാർ എന്നും ഈ രേഖ ഉപയോഗിച്ച് വോട്ടവകാശം നല്‍കരുതെന്നും കോടതി പറഞ്ഞു.
വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം (എസ്ഐആർ) നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന നീക്കത്തിൻ്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ഭാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്.