ശ്രീലങ്കയിൽ സംഹാരതാണ്ഡവമാടി ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 56 പേർ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. അനവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയി.
ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരവും പിന്നിട്ട് വടക്കൻ തമിഴ്നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ആന്ധ്രാ, തമിഴ്നാട്, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ് ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും വരുന്ന മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു. ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.