രാഷ്ട്രകവി കുവെമ്പു ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കുവെമ്പു ദേശീയ പുരസ്കാരത്തിന് കൊങ്കണി എഴുത്തുകാരൻ മഹാബലേശ്വർ സെയിൽ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു ലക്ഷം രൂപയും വെള്ളി മെഡലും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി അഗ്രഹാര കൃഷ്ണമൂർത്തി, കന്നഡ വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിലിമലെ, പ്രശസ്‌ത കൊങ്കണി എഴുത്തുകാരനും വിവർത്തകനുമായ എസ്.എം. കൃഷ്‌ണരായ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.
കുവെമ്പുവിൻ്റെ ജന്മവാർഷികമായ ഡിസംബർ 29ന് പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്‌ഠിച്ച മഹാബലേശ്വർ സെയിൽ 1965ലെ ഇന്തോ-പാക് യുദ്ധത്തിൽ പങ്കെടുത്തിരുന്നു. 1964-65 കാലഘട്ടത്തിൽ ഇസ്രായേൽ-ഈജിപ്ത് അതിർത്തിയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലും സേവനമനുഷ്ഠിച്ച സെയിൽ സൈനിക സേവനത്തിനുശേഷം തപാൽ വകുപ്പിലും ജോലി ചെയ്‌തിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, സരസ്വതി സമ്മാൻ എന്നിവ ലഭിച്ചിട്ടുണ്ട്.