ബാംഗ്ളൂരിൻ്റെ മുഖച്ഛായ മാറ്റുന്ന വൻ വികസന പ്രവർത്തനങ്ങളാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ബെംഗളൂരു അതിവേഗം മറ്റ് മെട്രോ നഗരങ്ങളെ പിന്നിലാക്കി കുതിക്കുകയാണ്. കെംപഗൗഡ ബസ് സ്റ്റേഷൻ വികസനത്തിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. 1500 കോടി രൂപയുടെ പുനർവികസന പദ്ധതിക്കായി നിലവിലെ ബസ് സ്റ്റേഷൻ പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു. നവീകരണം എന്നതിലുപരി പൂർണമായ പുനർ വികസനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസിയുടെയും ബിഎംടിസിയുടെയും നിലവിലെ ബസ് സ്റ്റേഷനുകൾ പൊളിച്ചുമാറ്റും. 32 ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥലം ഒരു ആധുനിക ബസ് ടെർമിനലും വാണിജ്യ കേന്ദ്രവുമായി മാറും. പദ്ധതിക്ക് ഏകദേശം 1,500 കോടി രൂപ ചെലവ് വരുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ അക്രാം പാഷ തന്നെ സ്ഥിരീകരിച്ചു.
പ്രതിദിനം ബസ് സ്റ്റേഷനിൽശരാശരി 80,000 യാത്രക്കാരും ബിഎംടിസി ബസ് സ്റ്റേഷനിൽ 5 ലക്ഷം യാത്രക്കാരും എത്തുന്നുണ്ട്. പ്രതിദിനം ആകെ 11,150 ബസുകൾ സർവീസ് നടത്തുന്നു. കെഎസ്ആർടിസി 2660 ബസുകളും മറ്റ് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ 283 ബസുകളും ബിഎംടിസി 8200 ബസുകളും ഓടിക്കുന്നു. മജെസ്റ്റിക് മേഖലയിൽ മെട്രോയുടെ വികസനത്തിനുള്ള പദ്ധതികളും അണിയറയിൽ നടക്കുന്നുണ്ട്. കെഎസ്ആർടിസി 2025-26 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിക്കായി ഗുരുഗ്രാം ആസ്ഥാനമായുള്ള റെസർജന്റ് ഇന്ത്യ ലിമിറ്റഡിനെ കൺസൾട്ടൻസിക്ക് നിയമിച്ചിട്ടുണ്ട്. ഇതിനായി 6.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഭൂമിയുടെ ഉപയോഗം, വാണിജ്യ വികസനം, ഗതാഗത പ്രവാഹം എന്നിവ ഏജൻസി പഠിക്കും. ജനുവരി അവസാനത്തോടെ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം ഈ റിപ്പോർട്ട് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. അടുത്ത വർഷം രണ്ടാം പകുതിയോടെ സ്വകാര്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള ടെൻഡറുകൾ കെഎസ്ആർടിസി വിളിക്കാൻ സാധ്യതയുണ്ട്.
ബഹുനില വാണിജ്യ ടവറുകൾ ഉൾപ്പടെ ഉയരും. മാത്രമല്ല ഇന്റർചേഞ്ച് പോയിന്റുകളിൽ റീട്ടെയിൽ ഹബുകളും ഉണ്ടാകും. ഒരു മുതിർന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ബസ് സർവീസുകൾക്ക് തടസങ്ങൾ കുറയ്ക്കുന്നതിനായി ഘട്ടം ഘട്ടമായിട്ടായിരിക്കും പ്രവൃത്തികൾ നടക്കുക എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.