ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന, എടിഎം കൗണ്ടറിലേക്കു പണവുമായി പോയ വാൻ തടഞ്ഞുനിർത്തി 7 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരിൽ ഒരു മലയാളിയും. ഇയാൾ ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണ്. ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്നു രാജിവച്ചത്. ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് എല്ലാറ്റിൻ്റെയും സൂത്രധാരൻ.
മുൻ ജീവനക്കാരനും കോൺസ്റ്റബിളും കഴിഞ്ഞ ആറു മാസമായി സൗഹൃദത്തിലായിരുന്നെന്നും ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പൊലീസ് പറയുന്നു. കവർച്ച നടന്ന സമയത്ത് രണ്ടുപേരും തുടർച്ചയായി വിളിച്ചിരുന്നതായി സിഡിആർ (കോൾ ഡേറ്റ റെക്കോർഡ്) പരിശോധനയിൽ കണ്ടെത്തി. കവർച്ച നടന്ന സ്ഥലത്തെ മൊബൈൽ ടവറിനു കീഴിൽ ആ സമയം പ്രവർത്തിച്ച മൊബൈൽ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് കോൺസ്റ്റബിളും മുൻ ജീവനക്കാരനും തമ്മിലുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥർക്ക് വെളിപ്പെട്ടത്.
19ന് ഉച്ചയ്ക്കു ജയനഗറിൽവച്ച് കാറിലെത്തിയ സംഘം പണവും രേഖകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണു വാഹനം തടഞ്ഞത്. തുടർന്നു ജീവനക്കാരെയും ഗൺമാനെയും ഭീഷണിപ്പെടുത്തി പണമടങ്ങിയ പെട്ടികളുമായി കാറിൽ കയറ്റി. ഡയറി സർക്കിൾ ഭാഗത്തേക്കു പോയി അവിടെയുള്ള മേൽപാലത്തിൽ ജീവനക്കാരെ ഇറക്കിവിട്ടു പണവുമായി മുങ്ങുകയായിരുന്നു. ജെപി നഗറിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിൽ നിന്നു പണവുമായി പോയ വാഹനമാണു കൊള്ളയടിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.