സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുട്ടപർത്തിയിൽ എത്തും. വൻ സുരക്ഷാക്രമീകരണമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു പുട്ടപർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ പ്രശാന്തിനിലയത്തിലെത്തുന്ന പ്രധാനമന്ത്രി ഒൻപതരയോടെ പൊതുസമ്മേളനം നടക്കുന്ന ഹിൽവ്യൂ സ്റ്റേഡിയത്തിലേക്കെത്തും. ഭക്തജനങ്ങളോട് രാവിലെ എട്ടുമണിക്കുതന്നെ സ്റ്റേഡിയത്തിനകത്ത് എത്തിച്ചേരണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
ആഘോഷത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നുണ്ട്. പ്രശാന്തിനിലയത്തിലെ മഹാസമാധിയിൽ രാഷ്ട്രപതി ദർശനംനടത്തും. അന്ന് നടക്കുന്ന ശ്രീ സത്യസായി ഹയർ ഇൻസ്റ്റിറ്റ്യൂഷൻസ് ബിരുദദാനസമ്മേളനത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഞായറാഴ്ച നടക്കുന്ന സത്യസായി ബാബയുടെ നൂറാംജന്മദിനാഘോഷത്തിലും ഉപരാഷ്ട്രപതി സംബന്ധിക്കും.
ജന്മശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന സത്യസായി സേവാ പ്രവർത്തകരുടെ ആഗോളസമ്മേളനം നാളെ ആരംഭിക്കും. രണ്ടുദിവസത്തെ സമ്മേളനത്തിൽ ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകർ സംബന്ധിക്കും. ശ്രീ സത്യസായി സേവാ ഓർഗനൈസേഷനും ശ്രീ സത്യസായി ഗ്ലോബൽ കൗൺസിലും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.