വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. കോടതി ഉച്ചയ്ക്ക് 2 മണിയോടെയാണ് ഹർജികൾ പരിഗണിക്കുക. പാർലമെന്റ് പാസാക്കുന്ന നിയമം സാധാരണയായി സ്റ്റേ ചെയ്യാറില്ലെങ്കിലും വഖഫ് ഭേദഗതി നിയമം അതിൽനിന്ന് വ്യത്യാസമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയിൽ വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ സ്റ്റേ ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതിനെ ശക്തമായി എതിർക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ കോടതി ഹർജികൾ പരിഗണിക്കവെ കേന്ദ്രസർക്കാരിനോട് ശക്തമായ ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. കോടതി ഗൗരവമേറിയ പല നിരീക്ഷണങ്ങളും പങ്കുവെച്ചിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസിൽ ഇന്നും വാദം കേൾക്കുക.
ആദ്യം കേൾക്കുക കേന്ദ്രസർക്കാരിൻ്റെ വാദമായിരിക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരുന്നു ഇന്നലെ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായിരുന്നത്., തുഷാർ മേത്തയ്ക്ക് പുറമെ അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണയും ഈ കേസിൽ കേന്ദ്രത്തിന് വേണ്ടി ഇന്ന് ഹാജരായേക്കും എന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച അന്തിമതീരുമാനം പുറത്തുവന്നിട്ടില്ല.
വഖഫ് ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ആറ് ബിജെപി ഭരണ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവർക്കുവേണ്ടി സീനിയർ അഭിഭാഷകർ ഇന്ന് കോടതിയിൽ ഹാജരാകും. ഇന്ന് കോടതിയിൽ നിയമം ഒരു കാരണവശാലും സ്റ്റേ ചെയ്യരുത് എന്ന ആവശ്യമാണ് ഇവരും ഉന്നയിക്കുക.