തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ്റെ ഭാവി രാഷ്ട്രീയപ്രവര്‍ത്തനം കോഴിക്കോട് കേന്ദ്രീകരിക്കുന്നത് പരിഗണനയിലെന്ന് വിവരം. പാര്‍ട്ടി ഔദ്യോഗിക അനുമതി ലഭിക്കുന്നതിനുശേഷം താമസവും സംഘടനാപര പ്രവര്‍ത്തനങ്ങളും കോഴിക്കോട്ടേക്ക് മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.

ആര്യയുടെ ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ കെ.എം. സച്ചിന്‍ ദേവിൻ്റെ പ്രധാന പ്രവര്‍ത്തനമേഖല കോഴിക്കോട് ആയതിനാല്‍, കുടുംബജീവിതവും രാഷ്ട്രീയ ചുമതലയും ഏകോപിപ്പിക്കുന്നതിനും ഈ തീരുമാനം സഹായകരമാകുമെന്നാണ് കണക്കാക്കുന്നത്. അടുത്ത തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്യ മത്സരിക്കില്ലെന്നും മേയര്‍ സ്ഥാനത്തെ ചുമതലകള്‍ അവസാനിച്ചതിനുശേഷമുള്ള സാഹചര്യവും ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ വെറും 21 വയസ്സിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാ രാജേന്ദ്രന്‍ ശ്രദ്ധേയയായിരുന്നു. മുടവൻമുകൾ വാർഡിൽ നിന്നുള്ള മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ശ്രീകലയെ 2872 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അവര്‍ മേയര്‍ സ്ഥാനത്തെത്തിയത്. തിരഞ്ഞെടുപ്പിന് പിന്നാലെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നെങ്കിലും അന്താരാഷ്ട്രതലത്തില്‍ ലഭിച്ച അംഗീകാരങ്ങളും അവാർഡുകളും ചൂണ്ടിക്കാട്ടിയാണ് സിപിഐഎം ആര്യയെ പ്രതിരോധിച്ചത്.

2022 സെപ്റ്റംബറിലാണ് ആര്യയും സച്ചിന്‍ ദേവും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ടു വയസ്സുള്ള മകളുണ്ട്.

Related Posts