ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഇനി ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയാകില്ലെന്ന് റിപ്പോർട്ട്. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിൻ്റെ ഹോം മത്സരങ്ങൾ സംസ്ഥാനത്തിനു പുറത്തുള്ള മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കഴിഞ്ഞ സീസണിൽ, കിരീടധാരണത്തിന് പിന്നാലെ സംഘടിപ്പിച്ച ആഘോഷ പരിപാടി ബംഗളൂരിൽ വൻ ദുരന്തത്തിൽ കലാശിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു. പുതിയ സീസണിൽ ആർ സി.ബിയുടെ ഹോം മത്സരങ്ങൾക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) സ്റ്റേഡിയം വേദിയാകുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിന്നസ്വാമി സ്റ്റേഡിയം വലിയ മത്സരങ്ങൾ നടത്തുന്നതിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർ.സി.ബിയുടെ ഹോം മത്സരങ്ങൾ മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. കഴിഞ്ഞ സീസണിൽ ഉണ്ടായ ദുരന്തമാണ് അധികൃതരെ ഈ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. ആർ.സി.ബി ആരാധകരെ നിരാശപ്പെടുത്തുന്നതാണ് തീരുമാനം. ഇന്ത്യയിൽ നടന്ന ഐ.പി.എൽ ടൂർണമെൻ്റുകളിലെല്ലാം ആർ.സി.ബിയുടെ ഹോം മത്സരങ്ങൾക്ക് ഇതുവരെ വേദിയായത് ചിന്നസ്വാമി സ്റ്റേഡിയമാണ്.

‘ആർ.സി.ബിയുടെ ഹോം മത്സരങ്ങൾ പുണയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുണ്ട്. ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ജൂണിലുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ മത്സരം നടത്തുന്നതിന് ചില പ്രശ്‌നങ്ങളുണ്ട് തുടർന്നാണ് നമ്മുടെ സ്റ്റേഡിയം മത്സരങ്ങൾക്ക് വിട്ടുകൊടുക്കാമെന്ന് അറിയിച്ചത്’ – എം.സി.എ സെക്രട്ടറി കമലേഷ് പായ് വെളിപ്പെടുത്തി.

Related Posts