ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്നു നിർണായക യോഗം ഡൽഹിയിൽ നടക്കും. ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ മന്ത്രിതല സുരക്ഷാ സമിതിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ രണ്ടു തവണ ഉന്നതതല സമിതി യോഗം ചേർന്നിരുന്നു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും വേട്ടയാടാൻ മുതിർന്ന ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി യോഗത്തിനുശേഷം അമിത് ഷാ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, ഐബി ഡയറക്‌ടർ തപൻ ദേക, എൻഐഎ ഡയറക്‌ടർ ജനറൽ സദാനന്ദ് വസന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കാഷ്‌മീർ ഡിജിപി നളിൻ പ്രഭാത് വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു. ഉന്നതതല യോഗത്തിനു ശേഷം അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജൻസിക്കു (എ ൻഐഎ) കൈമാറിയിരുന്നു. ഭീകരാക്രമണത്തിനുള്ള സാധ്യത സർക്കാർ ഉറപ്പിക്കുന്നുവെന്ന സൂചനയാണ് കേസ് എൻഐഎക്കു കൈമാറുന്നതിൽനിന്നും വ്യക്തമാകുന്നത്.

Related Posts