വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോൾ കേരളം ഭരിക്കുന്നത് ജനവിരുദ്ധ സർക്കാർ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കും. ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം – വാർത്ത സമ്മേളനത്തിൽ വിഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലാണ്. ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നിയമിച്ച മൂന്ന് പ്രസിഡണ്ടുമാർക്ക് പങ്കുണ്ട്. തീരദേശത്തോടും മലയോര മേഖലയോടും വലിയ രീതിയിലുള്ള അവഗണനയാണ് കാണിക്കുന്നത്. മലയോര മേഖല വന്യ ജീവികൾക്ക് ഇട്ട് കൊടുത്തിരിക്കുകയാണ് എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ആരോഗ്യ രംഗവും തകരാറിലാണെന്ന് പറഞ്ഞു.