കേരളത്തിന് പുറത്തു രജിസ്റ്റർ ചെയ്ത് റോഡ് നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ് (എംവിഡി). എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിൻ്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പത് ബസുകള്‍ പിടിച്ചെടുത്തത്. യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പിടികൂടിയ ബസുകള്‍ കളക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൂടാതെ നിയമലംഘനം നടത്തിയ 25 ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയും ചുമത്തി. ബസുകള്‍ക്ക് ഓള് ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും മറ്റു സംസ്ഥാനങ്ങളില്‍ സർവീസ് നടത്തുമ്പോൾ റോഡ് നികുതി അടയ്ക്കണമെന്നാണ് നിയമം. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ബസുകള്‍ ടാക്സ് അടയ്ക്കേണ്ടത്. കസ്റ്റഡിയിലെടുത്ത ബസുകളില്‍ നിന്ന് അരക്കോടിയോളം രൂപ പിഴയായി ഈടാക്കും.
നികുതി വെട്ടിപ്പ് തടയുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള സംയുക്ത പരിശോധനകള്‍ തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനുപുറമേ, മറ്റു വാഹനങ്ങളില്‍ അമിതവേഗം, എയര്‍ഹോണ്‍ ഉപയോഗം, നമ്പർ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങി കൂടുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.