നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര തന്നെ 100വർഷം ജയിലിൽ അടക്കാനും എത്രയും പെട്ടെന്ന് തന്നെ ശിക്ഷിക്കണമെന്നും മജിസ്ട്രേറ്റിനോട് പറഞ്ഞു.
ഒറ്റയ്ക്കാണ് എല്ലാം ചെയ്തത് എന്നും പ്രതി കോടതിയോട് പറഞ്ഞു. മകളുടെയും മരുമകൻ്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര പറഞ്ഞു. മകൾ എഞ്ചിനിയറാണെന്നും മരുമകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര മജിസ്ട്രേറ്റിനോട് പറഞ്ഞു. അടുത്തമാസം പന്ത്രണ്ട് വരെ ഇയാളെ റിമാൻഡ് ചെയ്തു. ഉടൻ ആലത്തൂർ ജയിലിലേക്ക് കൊണ്ടുപോകും.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകൾ നടത്തിയത്. പുറത്തിറങ്ങിയാൽ ഇയാൾ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. അയൽവാസിയായ സജിതയെ കൊലപ്പെടുത്തി ജയിലിൽപോയ ചെന്താമര ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയേയും തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് ഒളിവിൽപ്പോയി. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാത്രിയോടെ പോത്തുണ്ടിയിൽ നിന്നാണ് ചെന്താമരയെ പിടികൂടിയത്.