സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം സ്വപ്ന വർഷമായിരുന്നു 2024. ടി20 ലോകകപ്പ് നേട്ടത്തിൽ മുത്തമിടാനായ അദ്ദേഹം, ടി20 ടീമിൽ സ്ഥാനം ഉറപ്പിച്ചതും ഇതേ വർഷമാണ്. ഓപ്പണിങ്ങിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെയായിരുന്നു സഞ്ജുവിൻ്റെ കരിയർ മാറിമറിഞ്ഞത്. ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയിലെ അവസാന കളിയിൽ സെഞ്ചുറി നേടിയ സഞ്ജു പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും രണ്ട് സെഞ്ചുറികൾ സ്കോർ ചെയ്തു.

കലണ്ടർ വർഷം സ്വപ്ന പ്രകടനം നടത്തിയ സഞ്ജു 2025 ൽ ഇന്ത്യയുടെ ആദ്യ ടി20 പരമ്പരയിലും ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. ഈ മാസം 22 ന് ഇംഗ്ലണ്ടിന് എതിരെ ആരംഭിക്കാനിരിക്കുന്ന പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററും സഞ്ജുവായിരിക്കുമെന്ന കാര്യം ഉറപ്പ്. ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി ഇപ്പോൾ താരം പരിശീലനവും തുടങ്ങിയിട്ടുണ്ട്. യുഎ ഇ യിലാണ് താരം പരിശീലനം പുനരാരംഭിച്ചത് എന്നതാണ് ശ്രദ്ധേയം.

ഷാർജ ക്രിക്കറ്റ് അക്കാദമിയിലാണ് സഞ്ജു നെറ്റ്സ് പരിശീലനം നടത്തിയത്. അവധി സമയത്തും പരിശീലനം മുടക്കാത്ത സഞ്ജു ഇംഗ്ലണ്ട് പരമ്പരക്കായി രണ്ടും കൽപ്പിച്ചാണെന്ന് വ്യക്തം. താരം പരിശീലനം നടത്തുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Related Posts