മൊബൈൽ ആപ്ലിക്കേഷൻ വഴി ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ടുചെയ്യാനുള്ള സൗകര്യമൊരുക്കി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. വാഹനങ്ങൾക്കുമാത്രം നാശമുണ്ടാകുന്ന ചെറിയ അപകടങ്ങൾക്കുള്ള റിപ്പോർട്ടാണ് ഇനിമുതൽ ആപ്പിലൂടെ ലഭ്യമാകുക. ട്രാഫിക് പോലീസിൻ്റെ പിഴയടയ്ക്കുന്നതിനടക്കം സൗകര്യമുള്ള ആസ്ട്രാം(ASTram) ആപ്പിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്.
ഒരു വാഹനാപകടം നടന്നാൽ ആസ്ട്രാം ആപ്പിൽ ആക്‌സിഡൻ്റ് എന്ന വിൻഡോയിലൂടെ വാഹന നമ്പരും മറ്റു വിവരങ്ങളും അപകടത്തിൻ്റെ ഫോട്ടോയും നൽകാം. അടുത്തനിമിഷം പോലീസ് സ്റ്റേഷനിൽനിന്നുള്ള ഇ-റിപ്പോർട്ട് ലഭിക്കും. ഇത് ഇൻഷുറൻസ് ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാം.