ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കു (ജിബിഎ) കീഴിലുള്ള പാർക്കുകളുടെ പ്രവൃത്തിസമയം അതത് നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് തീരുമാനിക്കാം. കഴിഞ്ഞദിവസം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
ജിബിഎ പരിധിയിൽ 1240 പാർക്കുകളുണ്ട്. 2 വർഷം മുൻപ് നഗരത്തിലെ പാർക്കുകൾ രാവിലെ 5 മുതൽ രാത്രി 10 വരെ തുറക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. പാർക്കുകളുടെ സുരക്ഷ ആര് ഏറ്റെടുക്കുമെന്ന തർക്കമാണ് കു ടുതൽ സമയം തുറക്കുന്നതിനു പ്രധാന തടസ്സം. അതുകൊണ്ട്, ഭൂരിഭാഗം പാർക്കുകളും രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 9 വരെയുമാണ് ഇപ്പോൾ തുറക്കുന്നത്. സുരക്ഷാ ജീവനക്കാരെ പാർക്കുകളുടെ സംരക്ഷണ ചുമതലയുള്ള റസിഡന്റ്സ് അസോസിയേഷനുകൾ നിയമിക്കണമെന്നാണു ജിബിഎ നിർദേശം. പാർക്കുകളിൽ സമൂഹിക വിശുദ്ധരും ലഹരിയിടപാടുകാരും തമ്പടിക്കുന്നുവെന്നാണു പ്രധാന പരാതി.