ബെംഗളൂരു ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025 വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ന് ഹോട്ടൽ ഹിൽസ് ഓഡിറ്റോറിയത്തിൽ നടക്കും. അത്തപ്പൂക്കളമത്സരത്തോടെ ആഘോഷം ആരംഭിക്കും. മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ, ഓണസദ്യ, തിരുവാതിരക്കളി, സാംസ്കാരിക സമ്മേളനം, രാഗമാലിക, ഹാസ്യപരിപാടി, കൈപ്പട്ടൂർ കലാവേദിയുടെ ഫ്യൂഷൻ മെഗാഷോ, നാടൻപാട്ടും നാടൻകലാരൂപങ്ങളും ചേർത്തിണക്കിക്കൊണ്ടുള്ള കൊച്ചിൻ പാണ്ഡവാസിൻ്റെ മെഗാഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറും.
സാംസ്കാരികസമ്മേളനത്തിൽ കൃഷ്ണഗിരി എംപി കെ. ഗോപിനാഥ്, ഹൊസൂർ എംഎൽഎ വൈ. പ്രകാശ്, ഹൊസൂർ മേയർ എസ്.എ. സത്യ, നടി വിനയപ്രസാദ്, ടിവി പ്രോഗ്രാം കോഡിനേറ്റർ ഹരി പി. നായർ എന്നിവർ അതിഥികളാകും. സമാജം പ്രസിഡണ്ട് ജി. മണി, ജനറൽ സെക്രട്ടറി അനിൽ കെ. നായർ, ട്രഷറർ അനിൽ ദത്ത്, ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം. രവീന്ദ്രൻ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ എൻ.കെ. പ്രേമരാജൻ, ചാരിറ്റബിൾ കമ്മിറ്റി ചെയർമാൻ എൻ. ഗോപിനാഥ് എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വംനൽകും.
മൂന്ന് പതിറ്റാണ്ടു മുൻപ് എളിയനിലയിൽ ആരംഭിച്ച കൈരളി സമാജം ഇന്ന് ഹൊസൂരിലെ മലയാളികളുടെ ഏറ്റവുംവലിയ സാംസ്കാരിക സംഘടനയാണ്. ജാതിമതഭേദമില്ലാതെ സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മാർഗത്തിൽ മുന്നേറുന്നതാണ് സമാജത്തിൻ്റെ വിജയരഹസ്യം. പ്രവർത്തനശൈലികൊണ്ട് ഹൊസൂരിലെയും സമീപപ്രദേശങ്ങളിലെയും മറ്റ് ജനവിഭാഗങ്ങൾക്കിടയിലും നിർണായക സ്വാധീനമുണ്ടാക്കാൻ സമാജത്തിന് കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണനനൽകി പ്രവർത്തിക്കുന്നതിനൊപ്പം കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും ശ്രദ്ധിക്കുന്നു. എല്ലാ വർഷവും നടത്തുന്ന ഓണാഘോഷവും ഓണച്ചന്തയും കലാ-കായികമേളയും സംഘടനയുടെ പ്രധാനപരിപാടികളാണ്.
ഫോൺ-9677765554, 7358934704.