ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലഫ്റ്റനൻറ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് നീരജ് ചോപ്രയ്ക്ക് പദവി കൈമാറിയത്. കായികമേഖലയിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ടെറിട്ടോറിയൽ ആർമിയിൽ താരത്തിന് ഈ ബഹുമതി നൽകിയത്.

2016-ൽ നായിക് സുബേദാർ റാങ്കിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി ഇന്ത്യൻ ആർമിയിൽ നിയമിതനായ അദ്ദേഹം, 2024-ൽ സുബേദാർ മേജറായി സ്ഥാനക്കയറ്റം നേടി. 2020 ടോക്യോ ഒളിമ്പിക്‌സിൽ ജാവലിനിൽ ഇന്ത്യക്കായി ചരിത്ര സ്വർണം നേടിയ അദ്ദേഹം, 2024 പാരീസ് ഒളിമ്പിക്സിൽ വെള്ളി മെഡലും നേടി. ഒളിമ്പിക്‌സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്. 2023-ലെ ലോകചാമ്പ്യൻഷിപ്പിൽ ജേതാവുമായിരുന്നു. 2018-ൽ അർജുന അവാർഡ്, 2021-ൽ ഖേൽ രത്‌ന, 2022-ൽ പദ്മശ്രീ എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Related Posts