കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഖാർഗെയുടെ ബെംഗളൂരുവിലെ വസതിയിലെത്തിയായിരുന്നു സന്ദർശനം. സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന അവസരത്തിൽ മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന ശിവകുമാറിനോട് ക്ഷമയോടെ കാത്തിരിക്കാൻ ഖാർഗെ നിർദേശിച്ചെന്നാണ് പറയപ്പെടുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തതിനാൽ മുൻധാരണപ്രകാരമുള്ള അധികാരക്കൈമാറ്റം ഉണ്ടാവാനിടയില്ല.
പാർട്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവർക്ക്വേണ്ടി അതിനനുസരിച്ചുള്ള പരിഗണന ദേശീയ നേതൃത്വം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിസ്ഥാനത്തിൻ്റെ പേരിൽ സിദ്ധരാമയ്യ – ശിവകുമാർ പക്ഷങ്ങൾ തമ്മിൽ പോര് രൂക്ഷമായതോടെ മൂന്നാമതൊരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന തരത്തിൽ ചർച്ചയുയർന്നു. ആഭ്യന്തരമന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ ജി. പരമേശ്വര, തനിക്കും മുഖ്യമന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. മല്ലികാർജുൻ ഖാർഗെ സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയാൽ സ്വാഗതംചെയ്യുമെന്ന പരമേശ്വരയുടെ പ്രസ്‌താവനയും ചർച്ചയായി. ഈ സാഹചര്യത്തിലായിരുന്നു ഖാർഗെ ശിവകുമാർ കൂടിക്കാഴ്ച.

Related Posts