സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യ തേടുന്ന മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതി അനുമതി നല്കി. 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് നടത്തി രാജ്യംവിട്ട സാമ്പത്തിക കുറ്റവാളിയാണ് മെഹുല്‍ ചോക്സി. 2011നും 2018നും ഇടയില്‍ നടന്ന തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ചുമത്തിയിട്ടുള്ളത്. ഈ വര്‍ഷം ബെല്‍ജിയന്‍ പോലീസ് നടത്തിയ ചോക്സിയുടെ അറസ്റ്റ് സാധു ആണെന്ന് കോടതി വിധിച്ചു. 2025 ഏപ്രില്‍ 11ന് ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബെല്‍ജിയം പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത്. അതിനുശേഷം ഇയാള്‍ ബെല്‍ജിയന്‍ ജയിലില്‍ തടവിലാണ്.
അറസ്റ്റിന് ശേഷം ജാമ്യത്തിലിറങ്ങാനുള്ള മെഹുല്‍ ചോക്സിയുടെ ശ്രമങ്ങളൊക്കെ കോടതിയില്‍ പരാജയപ്പെട്ടു. ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ബെല്‍ജിയന്‍ കോടതി ചോക്സിയുടെ ജാമ്യാപേക്ഷ നിരസിച്ചത്. വഞ്ചന, വിശ്വാസവഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചോക്സിക്കെതിരെ ഇന്ത്യ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങള്‍ ബെല്‍ജിയന്‍ നിയമപ്രകാരവും ശിക്ഷാര്‍ഹമാണെന്നും കോടതി വിലയിരുത്തി.