മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ പൂർണ്ണവും ഉടനടിയുമുള്ള വെടിനിർത്തലിന് ഇന്ത്യയും പാകിസ്താനും തമ്മിൽ സമ്മതിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ‘അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്‌താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.’ ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ പൂർണമായും ഉടനടി വെടിനിർത്തലിന് ഇന്ത്യയും പാകിസ്‌താനും തമ്മിൽ ധാരണയായതായി സന്തോഷത്തോടെ അറിയിക്കുന്നു. സാമാന്യബോധവും വിവേകവും ഉപയോഗിച്ചതിന് ഇരുരാജ്യങ്ങൾക്കും അഭിനന്ദങ്ങളും നന്ദിയും. ട്രംപ് അറിയിച്ചു.

ഇന്ന് 5 മണിയോടെ വെടിനിർത്തൽ നിലവിൽ വന്നതായി ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്തു. വെടിനിർത്തൽ സംബന്ധിച്ച് പാകിസ്താനും സ്ഥിരീകരണം നടത്തിയിട്ടുണ്ട്. ഭാവിയിൽ നടക്കുന്ന ഏത് ഭീകരപ്രവർത്തനവും രാജ്യത്തിനെതിരായ യുദ്ധമായി കണ്ട് നടപടികളെടുക്കുമെന്ന് നേരത്തെ കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രതിരോധ മന്ത്രാലയവും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വൈകീട്ട് ആറിന് വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. വെടിനിർത്തൽ സംബന്ധിച്ചും തുടർനടപടികളും വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.

Related Posts