വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ മൂന്നാം മത്സരത്തിൽ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഏറ്റുമുട്ടും. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം ശ്രീലങ്കയെയും പാകിസ്താനെയും തോൽപിച്ച ഇന്ത്യക്ക് സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചാൽ പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറാം.
ഇന്ത്യയെപ്പോലെ നാല് പോയൻറുള്ള ഇംഗ്ലണ്ട് റൺറേറ്റിൻ്റെ ബലത്തിലാണ് ഒന്നാംസ്ഥാനത്താണ്. ഇംഗ്ലീഷുകാരോട് കനത്ത തോൽവിയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ വീഴ്ത്തി ആത്മവി ശ്വാസം വീണ്ടെടുത്തിട്ടുണ്ട്. മൂന്ന് പ്രധാന ബാറ്റർമാർ വലിയ സ്കോറുകൾ കണ്ടെത്താതെ മടങ്ങുന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏക തലവേദന. ഐ.സി.സി റാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരിയും ഓപ്പണറുമായ സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമനും ജെമീമ റോഡ്രിഗസും ഇനിയും ഫോമിലേക്ക് ഉയർന്നിട്ടില്ല. മറ്റൊരു ഓപണർ പ്രതിക റാവലും ഹർലീൻ ഡിയോളുമാണ് അൽപ്പമെങ്കിലും വിശ്വാസം കാക്കുന്നത്.

സ്പീൻ ഓൾറൗണ്ടർമാരായ ദീപ്തി ശർമയും സ്നേഹ റാണയും രണ്ട് മത്സരങ്ങളിലും നിർണായക സംഭാവനകൾ നൽകി. ലങ്കക്കെതിരെ അർധശതകവും ഒരു വിക്കറ്റും നേടിയ പേസ് ബൗളിങ് ഓൾ റൗണ്ടർ അമൻജോത് കൗറിന് പരിക്ക് കാരണം പാകിസ്‌താനുമായി കളിക്കാനായില്ല. അമൻജോത് തിരിച്ചെത്തുന്ന പക്ഷം സ്പെഷലിസ്റ്റ് പേസറായ രേണുക സിങ് ഠാക്കൂർ പ്ലേയിങ് ഇലവനിൽനിന്ന് പുറത്താവും. സ്‌പിന്നർ ശ്രീ ചരണിയും പേസർ ക്രാന്തി ഗൗഡും ഫോമിലുള്ളത് ബൗളിങ്ങിൽ കരുത്താണ്.

Related Posts