കാസർകോട് മഞ്ചേശ്വരത്ത് വിഷം കഴിച്ച് ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത. കടമ്പാറയിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത്തും(35) സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയായ ശ്വേതയുമാണ് (27) കഴിഞ്ഞ ദിവസം മരിച്ചത്. ഇവർ ചിലരില്‍ നിന്ന് പണം വാങ്ങിയതായി നാട്ടുകാർ പറയുന്നു. ശ്വേതയെ കടം കൊടുത്തവർ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശ്വേതയെ മർദിച്ചത് സ്കൂട്ടറിലെത്തിയ രണ്ട് സ്ത്രീകളാണ്. ഈ രണ്ട് സ്ത്രീകള്‍ ആരാണെന്നറിയാൻ അന്വേഷണം നടത്തി വരികയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നും അജിത്തിന് ഉണ്ടായിട്ടില്ലെന്നാണ് സഹോദരി പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പണത്തിൻ്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ചിലർ ഭീഷണിപ്പെടുത്തിയതായും പൊലീസിന് വിവരം ലഭിച്ചു.
സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ് ശ്വേത. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളൊന്നും ശ്വേത പറയാറില്ലെന്നും സഹപ്രവർത്തകർ പറയുന്നു. അജിത്ത് ഭാര്യ ശ്വേതയേയും മകനെയും കൂട്ടി തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബന്തിയോട്ടെ സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെ അധിക സമയം ചെലവഴിച്ചിരുന്നില്ല. ഒരിടം വരാൻ പോകാനുണ്ടെന്നു പറഞ്ഞാണ് മകനെ വീട്ടിലാക്കി ഇറങ്ങിയത്. പിന്നീട് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.