മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം അറിയിച്ചത്. വായ്പ എഴുതിത്തളുക എന്നത് കേന്ദ്രസർക്കാരിൻ്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ്. അതിനാൽ തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിൻ്റെ സത്യവാങ്മൂലത്തിലുള്ളത്. കേന്ദ്രത്തെ ഇക്കാര്യത്തിൽ കോടതി രൂക്ഷമായി വിമർശിച്ചു.
ഹൈക്കോടതിയാണ് ദുരന്തബാധിതരുടെ വായ്പ എഴുതിത്തളണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. ദുരന്തനിവാരണ നിയമത്തിൽ ഇതിനുള്ള വകുപ്പ് ഒഴിവാക്കിയതിനാൽ സാദ്ധ്യമല്ലെന്ന് കേന്ദ്രം മുമ്പ് അറിയിച്ചിരുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുത്തുകൂടേയെന്ന് കോടതിയും ആരാഞ്ഞു, ഇതിനുള്ള മറുപടിക്ക് പല തവണ കേന്ദ്രം സമയം നീട്ടി ചോദിച്ചിരുന്നു. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർ 12 ദേശസാത്കൃത ബാങ്കുകളിൽ നിന്നായി വായ്പയെടുത്തിട്ടുളളത് 35:30 കോടി രൂപയാണ്.