ചെറുകഥാകൃത്ത് ഇ പി സുഷമയുടെ സ്മരണാർത്ഥം ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളികൾക്കായി കുന്ദലഹള്ളി കേരളസമാജം നടത്തിയ ചെറുകഥാരചനാമത്സരത്തിൽ നിത്യാലക്ഷ്മി എൽ എൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പതിനായിരം രൂപയാണ് സമ്മാനം. ആരോ കല്പിച്ചുനൽകിയ ജീവിതത്തിലൂടെ കടന്നുപോകുന്ന നിസ്സഹായയായ ഒരു യുവതിയുടെ ജീവിതത്തിലേക്ക് എങ്ങുനിന്നോ വന്ന ഒരു കുട്ടിയുടെ കഥപറയുന്ന ‘പരികല്പിതവിധി’ എന്ന കഥയ്ക്കാണ് ഒന്നാം സമ്മാനം.

അധികമാരും അറിയാത്ത ദശരഥപുത്രിയായ ശാന്തയുടെ ദുഖങ്ങളിലൂടെ വായനക്കാരെ നടത്തിച്ച രവി എറാടത്തിൻ്റെ ‘ദശരഥപുത്രി’ എന്ന കഥയ്ക്കാണ് രണ്ടാം സമ്മാനം. അയ്യായിരം രൂപയാണ് രണ്ടാം സമ്മാനം.
ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥപറയുന്ന, രമാ പ്രസന്ന പിഷാരടിയുടെ ‘ഭൈരവിയും ഏഴുകൊടുമുടികളും’ എന്ന കഥയ്ക്കാണ് മൂന്നാം സ്ഥാനം.

യാദൃശ്ചികമാണെങ്കിലും വ്യത്യസ്തങ്ങളായ സ്ത്രീകളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന കഥകളാണ് സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിജയികൾക്കുള്ള സമ്മാനം കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഒക്ടോബർ 12 നു നടക്കുന്ന ഈ വർഷത്തെ ഓണാഘോഷം ‘KKS പൊന്നോണം 2025’ വേദിയായ ബ്രുക്ഫീൽഡിലെ CMRIT കോളേജിൽ വെച്ച് നല്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Posts