കേരളത്തിൽ രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. നാളെ കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. കേരളത്തിലെ എല്ലാ ജില്ലകളിലും വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴയുണ്ടാകും എന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്.
മധ്യ കിഴക്കന്‍ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി നാളെ മറ്റൊരു പുതിയ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ രാവിലെ ഇടത്തരം മഴയ്ക്കും തൃശൂര്‍, പാലക്കാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിൻ്റെ ഭാഗമായി വൈകുന്നേരം 5.30 വരെ 0.4 മുതല്‍ 1.2 മീറ്റര്‍ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.