പ്രിയങ്ക ഗാന്ധി എംപി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ജിഫ്രി മുത്തുക്കോയ തങ്ങളുടെ മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.
പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച പ്രതീക്ഷ നൽകുന്നതാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രിയങ്ക ഉറപ്പ് തന്നെന്നും ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രയാസങ്ങൾ നിവേദനമായി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്ത് പ്രിയങ്ക നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും പ്രാർഥനയുണ്ടാകണമെന്നും പറഞ്ഞിരുന്നു. നേരിട്ട് കാണാനാകുമോ എന്ന് പ്രിയങ്കയ്ക്കൊപ്പമുള്ളവർ തന്നോട് ആരാഞ്ഞിരുന്നു. അതിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.