ബാംഗളൂരിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ കലാവേദി, ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’, നാളെ മാറത്തഹള്ളി റിംഗ് റോഡിനടുത്തുള്ള കലാഭവനിൽ പ്രൗഢഗംഭീരമായി ആഘോഷിക്കും. രാവിലെ 11.30 മണിക്ക് കലാവേദി കുടുംബാംഗങ്ങളുടെ കലാപരിപാടികാളോടെ ആരംഭിക്കും. മൈക്കൽ ജോ ഫ്രാൻസിസും സംഘവും അവതരിപ്പിക്കുന്ന മക്കം തായം നൃത്തപരിപാടിയും ഇൻസ്ട്രുമെന്റൽ, ടീം അമോദയുടെ മ്യൂസിക്കൽ ഫ്യൂഷനും നടക്കും. ഉച്ചയ്ക്ക് 12.30ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് 2.30ന് സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത മലയാള എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ നായർ സ്വാഗത പ്രസംഗം നടത്തും. ഓണാഘോഷ കമ്മിറ്റി വൈസ് പ്രസിഡണ്ടും ചെയർമാനുമായ കെ.പി.പത്മകുമാർ മുഖ്യാതിഥിയെ പരിചയപ്പെടുത്തും.
പഠനത്തിൽ മികവ് പുലർത്തിയ മികച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസോടുകൂടിയ എക്സലൻസ് അവാർഡുകൾ സമ്മാനിക്കും. ജനറൽ സെക്രട്ടറി എ.മധുസൂദനൻ നന്ദിപ്രകടനം നടത്തും.
ജോയിൻ്റ് സെക്രട്ടറി അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ, ട്രഷറർ ടി.വി.നാരായണനും ചടങ്ങിൽ പങ്കെടുക്കും.
2025ലെ ഓണോത്സവത്തിൻ്റെ പ്രധാന ആകർഷണം ”സർഗ്ഗകേരളം” എന്ന പരിപാടി ആയിരിക്കും. 40-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന, രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ പരിപാടി കേരള സംസ്കാരത്തിൻ്റെ വൈവിധ്യം പ്രകടമാക്കുന്ന സംഗീതവും നൃത്തവുമെല്ലാം കൂടിച്ചേരുന്ന മനോഹരമായ ഒരു കലാപ്രദർശനമാണ്. മാതാ പേരാമ്പ്രയാണ് മഹത്തായ സാംസ്കാരിക കലാരൂപം അവതരിപ്പിക്കുന്നത്.