ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് – ഫെയ്മയുടെ മുപ്പതാം വാർഷികാ ഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ കലാനിലയത്തിൻ്റെ അന്തിത്തോറ്റം നാടകം ബാംഗളൂരിൽ പ്രദർശിപ്പിക്കും. വൈകിട്ട് 7:30 ന് ബാംഗ്ലൂർ വൈറ്റ് ഫീൽഡിൽ ഉള്ള ജാഗ്രിതി തിയേറ്ററിൽ ആണ് നാടകം പ്രദർശിപ്പിക്കുക.
രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസിപ്പട്ടാളക്കാരാൽ വധിയ്ക്കപ്പെട്ട ഏക ഇന്ത്യൻ പൗരനും മലയാളിയുമായ മുച്ചിലോട്ടു മാധവൻ്റെ കഥയാണ് അന്തിത്തോറ്റം പറയുന്നത്. മാധവനെ പാരിസിൽ വെച്ച് ജർമ്മൻ അധിനിവേശസേന വെടിവെച്ചു കൊല്ലുന്നതിനു മുൻപുള്ള ഏതാനും മണിക്കൂറുകൾ നീളുന്ന അയാളുടെ ആത്മസംഘർഷങ്ങളിലൂടെയാണ് അന്തിത്തോറ്റത്തിൻ്റെ പ്രയാണം. പ്രവാസിയായി പാരിസിൽ എത്തിയ മാധവൻ, തൻ്റെ അസ്തിത്വത്തിനും കൂറിനും മദ്ധ്യേയുള്ള സങ്കീർണതകളുടെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നു. മാധവൻ്റെ ചോദ്യങ്ങൾക്ക് അയാളുടെ മനസാക്ഷി ശാസ്ത്തപ്പൻ തെയ്യത്തിൻ്റെ രൂപഭാവത്തിൽ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നു. തെയ്യവും മാധവനുമായുള്ള സംവാദങ്ങൾ അന്തിത്തോറ്റത്തിൻ്റെ കാതലായി മാറുന്നു. അതിലൂടെ മാധവൻ മരണം എന്ന പ്രപഞ്ച സത്യത്തെ അറിയുന്നു, അതിനപ്പുറമുള്ള തലങ്ങളിലേയ്ക്ക് ഉയരുവാൻ വഴിയൊരുങ്ങുന്നു.
മലയാളം മുഖ്യ ഭാഷയായും ഒപ്പം ഫ്രഞ്ച്, ജർമ്മൻ ഭാഷകളുടെ സന്നിവേശവും ഒത്തുചേരുന്ന അന്തിത്തോറ്റത്തിൻ്റെ രചന നടത്തിയിരിക്കുന്നത് ബാംഗ്ലൂർ നിവാസിയായ അനിൽ രോഹിത്തും സംവിധാനം ചെയ്തിരിക്കുന്നത് സിംഗപ്പൂർ നിവാസിയായ ശ്രീകാന്ത് മേനോനുമാണ്. വേദിയിലും അണിയറയിലും അണിനിരക്കുന്നവർ എല്ലാവരും സിംഗപ്പൂരിലെ സ്ഥിര താമസക്കാരായ മലയാളി കലാകാരന്മാരും കലാകാരികളുമാണ് എന്ന പ്രത്യേകതയും അന്തിത്തോറ്റത്തിന് സ്വന്തം.
വിശദ വിവരങ്ങൾക്ക് +91 87926 87607
