കന്നഡ ഭാഷയുടെ പ്രചാരത്തിനും വളർച്ചയ്ക്കുമായി ദീർഘകാലമായി നിർവഹിച്ച നിസ്വാർത്ഥ സേവനത്തെ മാനിച്ച്, ഡോ. സുഷമാ ശങ്കർ, ഭർത്താവ് ബി.ശങ്കർ ദമ്പതികൾക്ക് “കവി കാവ്യ കന്നഡ സമൂഹ സേവാരത്ന ദേശീയ പുരസ്‌കാരം – 2026” സമ്മാനിച്ചു. കാസർകോട് – കർണാടക ചുട്ടുക്കു സാഹിത്യ സമ്മേളനത്തിൽ ആണ് പുരസ്‌കാരം സമർപ്പിച്ചത്. കാസർകോട് കന്നഡ ഭവനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ രമേശ് മഹാസ്വാമികളാണ് പുരസ്കാരം സമർപ്പിച്ചത്,. കന്നഡ ഭവന ലൈബ്രറി സംസ്ഥാപകരായ വാമൻ റാവൂ, സന്ധ്യാ റാണി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ, വിവിധ സാഹിത്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്താൽ നടന്ന ചടങ്ങ് വളരെ ശ്രദ്ധേയമായി.
കഴിഞ്ഞ 17 വർഷങ്ങളായി ബെംഗളൂരുവിലെ വൈറ്റ് ഫീൽഡ് ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ സ്വന്തം നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കന്നഡ പഠനകേന്ദ്രത്തിലൂടെ, അന്യസംസ്ഥാനക്കാരെ ഉചിതമായി കന്നഡ ഭാഷ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സുഷമാ ഭാഷാസൗഹൃദത്തിനും സാംസ്കാരിക ഏകതയ്ക്കും വിലപ്പെട്ട സംഭാവന നൽകി വരുന്നു.
ഭാഷയെ വെറും ആശയവിനിമയ മാധ്യമമായി മാത്രം കാണാതെ സംസ്കാരത്തിൻ്റെ ആത്മാവായി കണക്കാക്കി പ്രവർത്തിക്കുന്ന ഇവർ, “തൊദൽനുടി” കുട്ടികളുടെ മാസിക മുഖേന കുട്ടികളിലും യുവജനങ്ങളിലും ഭാഷാപ്രേമവും സാഹിത്യബോധവും സൃഷ്ടിപരമായ ചിന്തയും വളർത്തി വരുന്നു.
കന്നഡ ഭാഷയുടെ അതിർത്തി ജില്ലകളിൽ ഭാഷാപ്രേമം വളർത്താനും മാതൃഭാഷാ ബോധം ശക്തിപ്പെടുത്തുന്നതിലും ഇവരുടെ സേവനം ശ്രദ്ധേയമാണ്. യാതൊരു സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാതെ സമൂഹത്തിനായി നടത്തുന്ന സമർപ്പിത സേവനമാണ് ഇവരുടെ പ്രത്യേകത. ഈ പുരസ്‌കാരം, ഭാഷാ സേവനത്തിന് നൽകിയ അംഗീകാരമെന്നതിലുപരി, സാമൂഹികബോധമുള്ള ദമ്പതികളുടെ സമർപ്പിത ജീവിതയാത്രയ്ക്കുള്ള ദേശീയ ആദരവുമാണ്. മലയാളം മിഷൻ്റെ അദ്ധ്യാപിക കൂടിയാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ.