കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ പാർട്ടിക്ക് പുതിയ പ്രതിസന്ധി. 38 യുവ എംഎൽഎമാരുടെ ആവശ്യം തങ്ങളിൽ നിന്ന് അഞ്ച് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം എന്നതാണ്. അഞ്ചുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിലൂടെ യുവത്വവും പരിചയസമ്പത്തും ഒരുമിച്ച് ചേരുന്ന സ്ഥിതിയുണ്ടാകുമെന്നും ഇത് വലിയ ഗുണം ചെയ്യുമെന്നുമാണ് എംഎൽഎമാരുടെ പക്ഷം. മന്ത്രിസഭ രൂപീകരിച്ചപ്പോൾ യുവ എം എൽ എമാർക്ക് പരിഗണന ലഭിച്ചില്ലെന്നാണ് എംഎൽഎമാരുടെ വാദം. സംസ്ഥാനത്ത് അധികാരത്തിലുള്ള 34 അംഗ മന്ത്രിസഭയിൽ യുവാക്കളിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്നാണ് പരാതി. കർണാടക നിയമസഭയിലെ പാർട്ടിയുടെ ഒരു വിഭാഗം എംഎൽഎമാർ നേതൃത്വത്തിന് അയച്ച കത്തിലെ ആവശ്യമാണ് പ്രതിസന്ധിക്ക് കാരണം.
പരിചയക്കുറവ് എന്ന കാരണം പറഞ്ഞ് തങ്ങളെ മാറ്റി നിർത്തരുതെന്നും പല സംസ്ഥാനങ്ങളും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവരെ മന്ത്രിമാരും മുഖ്യമന്ത്രിമാരുംവരെ ആക്കുന്നുണ്ടെന്നും എംഎൽഎമാർ പറയുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഐഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്കാണ് എംഎൽഎമാർ കത്തയച്ചിരിക്കുന്നത്.