ഹസ്തദാന വിവാദത്തിനു പിന്നാലെ ഏഷ്യാകപ്പിൽനിന്ന് പിന്മാറുമെന്ന ഭീഷണിയില്‍ നിന്ന് പാകിസ്ഥാൻ യൂ-ടേണടിച്ചു. ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന മത്സരത്തിൽ പാകിസ്ഥാൻ യുഎഇക്കെതിരെ ഇന്നിറങ്ങും. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതോടെയാണ് എട്ട് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽനിന്ന് പിന്മാറുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. അതേസമയം ഇന്നത്തെ മത്സരത്തിൽ റിച്ചി റിച്ചാഡ്സനായിരിക്കും മാച്ച് റഫറിയെന്നും റിപ്പോർട്ടുണ്ട്.
ഞായറാഴ്ച ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഗക്ക് കൈകൊടുത്തിരുന്നില്ല. ഇതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി സൽമാന് നിർദേശം നൽകിയിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.