മൈസൂരു ദസറയ്ക്ക് തിങ്കളാഴ്ച്ച തുടക്കമാകും. മൈസൂരു ദസറ തിങ്കളാഴ്ച്ച തുടങ്ങി ഒക്ടോബർ രണ്ടിന് അവസാനിക്കും. ദസറ ആഘോഷത്തിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിനുപേരാണ് നഗരത്തിലെത്തുക. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ജംബു സവാരി ഒക്ടോബർ രണ്ടിനാണ് നടക്കുക.
ഇപ്രാവശ്യം 9 ദിവസത്തിനു പകരം 11 ദിവസമാണ് ആഘോഷം. അതിഥികളെ വരവേൽക്കാനും ആഘോഷങ്ങൾക്കുമായി നഗരം ഒരുങ്ങി. പ്രധാന റോഡുകളെല്ലാം നവീകരിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വൈദ്യുതാലങ്കാരങ്ങൾ ഒരുക്കി. എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖാണ് ദസറ ഉദ്ഘാടനം ചെയ്യുന്നത്.