ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാലു ഗോളുകൾക്ക് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ നാലാം ഏഷ്യാകപ്പ് ഹോക്കി കിരീടമാണിത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ നിഷ്പ്രഭമാക്കി. ജയത്തോടെ ഇന്ത്യ ലോകകപ്പ് ബെർത്തും ഉറപ്പിച്ചു.
മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഇന്ത്യ ഗോൾ നേടി. സുഖ്ജീത് സിങ്ങാണ് ഇന്ത്യക്കായി വലകുലുക്കിയത്. അതോടെ ആരംഭത്തിൽ തന്നെ ദക്ഷിണ കൊറിയ പ്രതിരോധത്തിലായി. ലീഡെടുത്തതിന് പിന്നാലെ ഇന്ത്യ മുന്നേറ്റം തുടർന്നു. പലതവണ ദക്ഷിണകൊറിയൻ പോസ്റ്റിന് സമീപം ഇന്ത്യൻ താരങ്ങൾ ഇരച്ചെത്തി. ആദ്യ ക്വാർട്ടറിൽ ഒരു ഗോളിന് ഇന്ത്യ മുന്നിട്ടുനിന്നു. കൊറിയയും മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. ഇതിനിടെ ഇന്ത്യ രണ്ടാം ഗോളും കണ്ടെത്തി. ദിൽപ്രീത് സിങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 2-0 ന് മുന്നിട്ടുനിന്നു.
മൂന്നാം ക്വാർട്ടറിൻ്റെ അവസാനം ദിൽപ്രീത് സിങ് വീണ്ടും ഇന്ത്യക്കായി ഗോളടിച്ചു. അതോടെ കൊറിയ അക്ഷരാർഥത്തിൽ പ്രതിരോധത്തിലായി. നാലാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് അമിത് രോഹിദാസ് ഇന്ത്യയുടെ നാലാം ഗോളും നേടി. പിന്നാലെ കൊറിയ ഒരു ഗോള്‍ മടക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.