സെപ്റ്റംബർ 3ന് വൈകിട്ട് 6 മണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ഓണം വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങിൽ തമിഴ് നടൻ ജയം രവി, നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധിയിൽ മ്യൂസിക്ക് നൈറ്റ് അരങ്ങേറും. പൂജപ്പുര മൈതാനം, സെൻട്രൽ സ്റ്റേഡിയം, ഗ്രീൻ ഫീൽഡ്, ശംഖുമുഖം, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിൽ കലാപരിപാടികൾ അരങ്ങേറും.
സെപ്റ്റംബർ 2ന് ചൊവ്വാഴ്ച വൈകിട്ട് 5ന് ഓണാഘോഷത്തോട് അനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന വടംവലിയിൽ എം എൽ എമാർ, സെക്രട്ടേറിയറ്റ് ജീവനക്കാർ, ജില്ലാ പഞ്ചായത്ത്, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ജി.എസ്.പ്രദീപ്, പ്രമോദ് പയ്യന്നൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കേരളീയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരത്തിനും നിശാഗന്ധി വേദിയാകും.