രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രന്‍റെ വീട്ടിൽ ഇന്നലെയായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ എങ്ങനെ പാലക്കാട് എത്തിക്കുമെന്നതായിരുന്നു യോഗത്തിലെ ചർച്ച.
ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻ്റെ നീക്കം. മണ്ഡലത്തിൽ നിന്ന് രാഹുൽ ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഷാഫി പറമ്പിൽ ഇന്നലെ പാലക്കാട് എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാൽ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിന്‍റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തു, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂർ ഭവന സന്ദർശന പരിപാടിക്കിടെയായിരുന്നു പ്രസിഡൻ്റിന്‍റെ പ്രതികരണം.