തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിൽ ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദ്ധൻ. മറ്റ് രാജ്യങ്ങളോട് പെരുമാറുന്നതുപോലെ ഇന്ത്യയോട് പെരുമാറുന്നത് അമേരിക്കയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധൻ റിച്ചാർഡ് വോഫ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ട്രംപ് അടുത്തകാലത്തായി ഇന്ത്യയോട് പുലർത്തുന്ന സമീപനത്തെ ഉദ്ധരിച്ചാണ് വോഫ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദത്തെ അതിജീവിക്കാൻ ഇന്ത്യ മറ്റ് മാർഗങ്ങൾ തേടും. ബ്രിക്സ് രാജ്യങ്ങളുമായുള്ല ബന്ധം കൂടുതൽ ശക്തമാക്കുന്നത് അതിലൊന്നായിരിക്കും. അത് ഇന്ത്യയെ സംബന്ധിച്ച് സ്വാഭാവികമായ ഒരു നടപടി മാത്രമായിരിക്കും.
പ്രമുഖ സാമ്പത്തിക വിദഗ്ധനും ന്യൂയോർക്കിലെ ന്യൂസ്കൂൾ യൂണിവേഴ്സിറ്റി പ്രൊഫസറുമാണ് റിച്ചാർഡ് വോഫ്. ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം ചെറിയ രാജ്യങ്ങളോട് അമേരിക്ക സ്വീകരിക്കുന്ന ചില നയങ്ങളുണ്ട്. അതുപോലെ ഒരിക്കലും ഇന്ത്യയോട് പെരുമാറരുത്. ‘നോക്കൂ, റഷ്യയുമായി ദീർഘകാലമായി വളരെ അടുത്ത വ്യാപാര ബന്ധമുള്ള രാജ്യമാണവർ. ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയെ ശത്രു സ്ഥാനത്ത് നിർത്തിയാൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരു വെല്ലുവിളിയാകും അമേരിക്കയ്ക്ക് അത്.’ – റിച്ചാർഡ് വോഫ് പറഞ്ഞു.