സൂപ്പർതാരം ആർ.അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 38 കാരനായ അശ്വിൻ തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ആരാധകരെ ഈ വിവരം അറിയിച്ചത്. 2025 ഐപിഎൽ സീസണിലേക്കുള്ള മെഗാ ലേലത്തിൽ 9.75 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) അശ്വിനെ സ്വന്തമാക്കിയിരുന്നു. സിഎസ്കെ വരുന്ന സീസണ് മുന്നോടിയായി താരത്തെ കൈമാറ്റം ചെയ്യുമെന്നുള്ള വാർത്ത പ്രചരിക്കുന്നതിനിടെയാണ് പെട്ടെന്ന് ഐപിഎല്ലിൽ നിന്ന് വിരമിക്കുകയാണെന്ന് രവിചന്ദ്രൻ അശ്വിൻ പ്രഖ്യാപിച്ചത്.
‘വിശേഷപ്പെട്ടൊരു ദിവസവും അതുകൊണ്ടുതന്നെ വിശേഷപ്പെട്ടൊരു തുടക്കവും. എല്ലാ അവസാനങ്ങളും ഒരു പുതിയ തുടക്കമാണെന്ന് പറയാറുണ്ട്. ഐപിഎല്ലിൽ എൻ്റെ സമയം ഇന്ന് അവസാനിക്കുന്നു. വർഷങ്ങളായി എനിക്ക് നൽകിയ ഓർമ്മകൾക്കും ബന്ധങ്ങൾക്കും എല്ലാ ഫ്രാഞ്ചൈസികൾക്കും നന്ദി. ബിസിസിഐയ്ക്കും ഐപിഎൽ സംഘാടകർക്കും ഇതുവരെ നൽകിയതിനെല്ലം ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ജീവിതം ആസ്വദിക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു.’ അശ്വിൻ കുറിച്ചു.