ഇടുക്കി തൊടുപുഴയിലെ വീടിനുള്ളിൽ യുവാവിനെ തൂങ്ങിയ നിലയിലും യുവതിയെ മുറിയിൽ മരിച്ചനിലയിലും കണ്ടെത്തി. തർക്കത്തെത്തുടന്നു മീനാക്ഷിയെ കൊലപ്പെടുത്തിയ ശേഷം ശിവഘോഷ് ആത്മഹത്യ ചെയ്തതാകാമെന്നാണു നിഗമനം. ഇടുക്കി ഉടുമ്പന്നൂർ പാറേക്കവല മനയ്ക്കതണ്ടിൽ വാടകയ്ക്കു താമസിക്കുന്ന അടിമാലി കൊന്നത്തടി മണിയനാനിക്കൽ ശിവഘോഷ് (20), അടിമാലി പാറത്തോട് പൂതാളി ഇഞ്ചപ്ലാക്കൽ മീനാക്ഷി (20) എന്നിവരാണു മരിച്ചത്. ശിവഘോഷ് വാഴക്കുളത്ത് ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർഥിയാണ്. മീനാക്ഷി വാഴക്കുളത്ത് ടീച്ചർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഎഡ് വിദ്യാർഥിയാണ്. ശിവഘോഷിൻ്റെ കുടുംബം വാടകയ്ക്കു താമസിക്കുന്ന പാറേക്കവലയിലെ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം.
ബന്ധുവായ ആദർശ് ഫോണിൽ ശിവഘോഷിനെ പല തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ശിവഘോഷിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ തുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീടു വീടിനുള്ളിൽ കയറിയവരാണ് അടുത്ത മുറിയിൽ മീനാക്ഷിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കരിമണ്ണൂർ പൊലീസ് അന്വേഷണം തുടങ്ങി.
മീനാക്ഷിയുടെ കഴുത്തിൽ ഷാൾ മുറുക്കിയ പാടുണ്ടെന്നും പിടിവലി നടന്നതിൻ്റെ ലക്ഷണമുണ്ടെന്നും പൊലീസ് കണ്ടെത്തി. തൊടുപുഴ ഡിവൈഎസ്പി പി.കെ.സാബുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ശിവഘോഷും മീനാക്ഷിയും പ്രണയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്ക് ഇവിടെ വന്നിരുന്നതായും നാട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.