യുവ നടി യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജിൻ്റൊ ജോൺ. ‘നടി പറയുന്ന യുവനേതാവ് തുറന്നുകാട്ടപ്പെടണം.

വേട്ടക്കാരൻ ആരായാലും എക്സ്പോസ് ചെയ്യപ്പെടണം എന്ന് ആ പെൺകുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം വെളിപ്പെടുത്തണം’ എന്നും ജിൻ്റൊ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

ആരോപണം ഉന്നയിക്കുന്ന വ്യക്തി പേര് പറയാൻ മുതിരാത്ത സമയത്തോളം ഒരുപാട് നല്ല ചെറുപ്പക്കാർ ആക്ഷേപത്തിന്‍റെ, സംശയത്തിന്‍റെ നിഴലിൽ നിർത്തപ്പെടും. ആ വ്യക്തി തിരുത്തപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള അവസരം കൊടുക്കുന്നതിൽ തെറ്റില്ല.

എന്നാൽ അയാൾക്ക് തിരുത്താൻ അവസരം കൊടുക്കുമ്പോൾ മറ്റ് ഒരുപാട് ചെറുപ്പക്കാരെ സംശയത്തിന്‍റെ നിഴലിൽ നിർത്തിക്കൊണ്ടല്ല അത് ചെയ്യേണ്ടത്. ഒരു പ്രസ്ഥാനത്തെ ആകെ ആക്ഷേപിച്ചു കൊണ്ടുമല്ല അങ്ങനെ ഉണ്ടാകേണ്ടത് എന്നും ജിൻ്റൊ കുറിപ്പിൽ പറയുന്നു.

Related Posts