പത്തനംതിട്ട സിപിഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്‌പീക്കർ പദവി ഒഴിയില്ല. പാർട്ടിക്ക് ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഡപ്യൂട്ടി സ്‌പീക്കർക്ക് രാഷ്ട്രീയമാകാം. രാഷ്ട്രീയ ചർച്ച നിയമസഭയിൽ പോലും തുടങ്ങിവയ്ക്കുന്നത് ഡപ്യൂട്ടി സ്പീക്കറാണെന്നും സിപിഐ നേതാക്കൾ പറഞ്ഞു.

ഡപ്യൂട്ടി സ്‌പീക്കർ ആയിരുന്നപ്പോഴും പാർട്ടിയുടെ ദേശീയ കൗൺസിലിലും സംസ്ഥാന കൗൺസിലിലും ചിറ്റയം ഗോപകുമാർ അംഗമായിരുന്നു. അദ്ദേഹം പരസ്യമായി പാർട്ടി പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. സ്പീക്കർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കുകയോ ഭാരവാഹിത്വം വഹിക്കുകയോ ചെയ്യാറില്ല.

രാഷ്ട്രീയ സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുകയും പൊതു രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമാവുകയും ചെയ്യുന്നവരാണ് ഇക്കാലമത്രയും ഡപ്യൂട്ടി സ്‌പീക്കർമാരായത്. ഡപ്യൂട്ടി സ്‌പീക്കർ ജില്ലാ സെക്രട്ടറി പദവിയിലേക്ക് എത്തുന്നത് ആദ്യമായിട്ടാകാം. അങ്ങനെ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും സിപിഐ വിലയിരുത്തി.

Related Posts