മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പ്രധാന അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. അദ്ധ്യാപകനായ എം അശോകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. ബാലാവകാശ കമ്മിഷൻ അംഗം മോഹൻ കുമാർ കുട്ടിയുടെ വീട് സന്ദർശിച്ച് മൊഴി ശേഖരിക്കും.
കാസർകോട് കുണ്ടംകുഴി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിക്കാണ് ഹെഡ് മാസ്റ്ററുടെ മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. അസംബ്ലിക്കിടെ കാലുകൊണ്ട് ചരൽ നീക്കിയത് ശ്രദ്ധയിൽപ്പെട്ട പ്രധാനാദ്ധ്യാപകൻ അസംബ്ലി കഴിഞ്ഞയുടനെ കുട്ടിയെ മാറ്റിനിർത്തി മുഖത്ത് അടിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിരുന്നു.